എന്‍റെ നാട്ടിലെ പക്ഷികള്‍: birds of kerala
Showing posts with label birds of kerala. Show all posts
Showing posts with label birds of kerala. Show all posts

Wednesday, November 29, 2017

വേലിത്തത്തകൾ

Bee Eaters

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം               Animalia
ഫൈലം Chordata
ക്ലാസ്സ് ‌Aves
നിര
Coraciiformes       
കുടുംബം Meropidae

കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പക്ഷി വിഭാഗം ആണ് വേലിത്തത്തകൾ.  
ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ, കിഴക്കൻ ഏഷ്യയിലും ആണ് ഇവയെ കാണുന്നത്. നിറത്തിൽ തത്തയോട് സാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ ഇവയെ കമ്പിത്തത്ത എന്നും വിളിക്കാറുണ്ട്. മനോഹരമായ നിറങ്ങളിൽ കണ്ട് വരുന്ന ഈ പക്ഷികളിൽ ചില വിഭാഗങ്ങൾക്ക് വാലറ്റം കൂർത്ത കമ്പിത്തൂവൽ കാണാം. കൊക്കുകൾ നീണ്ട് കൂർത്തിരിക്കും. പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം. വായുവിൽ പറന്ന് പ്രാണികളെ കൊക്കിൽ പിടിച്ച് ഭക്ഷിക്കുന്ന രീതിയാണ് ഇവയ്ക്ക്.

ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്തിറങ്ങാതെ മിക്കവാറും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിന് ലഭിച്ചത്.


നാലിനം വേലിത്തത്തകളെയാണ് കേരളത്തിൽ കണ്ടുവരുന്നത്. അതിൽത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. 

നാട്ടുവേലിത്തത്ത (Asian Green Bee-eater)
                          
തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്. പ്രകാശം പതിക്കുമ്പോൾ പച്ച തൂവലുകൾ തിളങ്ങുന്നതായി തോന്നും. ചുണ്ട് മുതൽ കഴുത്ത് വരെ തലയുടെ മുകളിൽ ചെങ്കല്ലിൻറെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെ കൊക്കിൽ നിന്ന് തുടങ്ങി കണ്ണ് എഴുതിയതുപോലെ കറുത്ത പാടുണ്ടാവും. നീണ്ടുകൂർത്ത കൊക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊത്തിയെടുക്കാൻ പര്യാപ്തമാണ്. മുഖത്തിൻറെ  വശത്തുകൂടിയും കൊക്കിൻറെ കീഴ്ഭാഗത്തും  മിന്നുന്ന നീലനിറമാണുണ്ടാവുക. വയറുഭാഗത്ത് കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ കറുത്തവരകൊണ്ട് വേർതിരിച്ചിരിക്കും. 


നാട്ടുവേലിത്തത്ത

വിടർത്തിയ ചിറകിനടിയിൽ തവിട്ടുനിറം കാണാം. വാലിലെ തൂവലുകളിൽ ഏറ്റവും മധ്യത്തിൽ രണ്ട് തൂവലുകൾ കമ്പി പോലെ നീണ്ടിരിക്കും. വർഷത്തിൽ ഒരിക്കൽ ഈ തൂവലുകൾ കൊഴിഞ്ഞു പോവുകയും വീണ്ടും അല്പകാലത്തിനകം മുളച്ചു വരികയും  ചെയ്യാറുണ്ട്. 

വലിയ വേലിത്തത്ത (Blue-tailed Bee-eater)

                          
നാട്ടുവേലിത്തത്തയെക്കാൾ വലിപ്പം കൂടിയവയാണ് വലിയ വേലിത്തത്തകൾ. പരമാവധി 23 - 26 സെ.മീ. നീളം എത്തുന്ന ശരീരത്തിന് പ്രധാനമായും പച്ച നിറമാണ്‌. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. അതിനു താഴ്‌ഭാഗം ഇളം പച്ചയോ നീലയോ കലർന്ന മഞ്ഞ നിറമോ ആയിരിക്കും. വാലിൻറെ മദ്ധ്യത്തിൽ നീളം കൂടിയ കമ്പിത്തൂവലുകൾ  കാണാം. കൊക്കുകൾ കറുത്തതാണ്. കൊക്കുമുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വര കാണാം. കൊക്കിനു താഴെയായി താടി മഞ്ഞ നിറമാണ്. കാലുകൾ ചെറുതാണ്. അത് മണ്ണിൽ നടക്കാൻ ചേരുന്ന വിധത്തിൽ ഉള്ളതല്ല. 

വലിയ വേലിത്തത്ത

വടക്കേ ഇന്ത്യയിൽ പ്രജനനത്തിന് ശേഷം സെപ്റ്റംബർ മാസം മുതൽ കേരളത്തിൽ കാണപ്പെടുന്ന ഈ പക്ഷി ഏപ്രിൽ ആകുന്നതോടെ പ്രജനനത്തിനായി വടക്കേ ഇന്ത്യയിലേക്കു പോകും. 
                          
ഈ രണ്ട് പക്ഷികൾക്ക് കേരളത്തിൽ പുറമേ ചെന്തലയൻ വേലിത്തത്ത (Chestnut-headed Bee-eater), കാട്ടുവേലിത്തത്ത (Blue Bearded Bee-eater) എന്നീ വേലിത്തത്തകളെയും അപൂർവമായി കണ്ടു വരാറുണ്ട്. 



ചെന്തലയൻ വേലിത്തത്ത ദക്ഷിണേന്ത്യൻ കാടുകളിൽ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിൻപുറത്തേക്ക് സഞ്ചരിക്കാറുണ്ട്. കാട്ടുവേലിത്തത്ത സാധാരണയായി കാട്ടുപ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളൂ. മറ്റു വേലിത്തത്തകളിൽ നിന്നിവ രണ്ടിനെയും വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇവയ്ക്ക് വാലിൽ കമ്പിത്തൂവലില്ല എന്നതാണ്‌. 




Saturday, November 18, 2017

എൻറെ നാട്ടിലെ പക്ഷികൾ...

                   ഈ ശരത്കാലത്ത് രാവിലെ എഴുന്നേറ്റ വങ്കണ മരത്തിൻറെ ചില്ലകളിൽ കലപില കൂട്ടുന്ന കിളികളെ നോക്കുക. അവയുടെ ശബ്ദം കേൾക്കുക. ഈ രംഗം ആസ്വദിക്കുന്ന മാത്രയിൽ നിങ്ങൾ ഒരു പക്ഷി നിരീക്ഷകനാവുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. പക്ഷെ നിശ്ചയമായും നിങ്ങൾ ആ വഴിയിലേക്ക് കാൽ എടുത്ത് വെച്ച് കഴിഞ്ഞു എന്ന് സധൈര്യം പറയാം. ഇനി നിങ്ങളുടെ താല്പര്യങ്ങൾക്കല്ലാതെ മറ്റൊന്നിനും അതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല. കാരണം നിങ്ങൾക്കതിന് ഉന്നതമായ സർവകലാശാല ശാസ്ത്രപഠനത്തിന്റെ പിൻബലം ആവശ്യമില്ല. വില കൂടിയ ഉപകരണങ്ങളുടെ പിന്തുണ വേണ്ട. വിശകലനങ്ങളുടെ വ്യാഖ്യാനങ്ങളുടെ വിലയിരുത്തലിൻറെ സങ്കീർണതകൾ ആവശ്യമില്ല. നിങ്ങൾ പക്ഷികളെ കാണുകയാണ് ആസ്വദിക്കുകയാണ് എന്ന മാത്രം.
                   ഈ ആസ്വാദനം നിങ്ങളെ  നിങ്ങളുടെ കാഴ്ചകളെ വിലയിരുത്താൻ പ്രാപ്തനാക്കുകയില്ല. അത് നിങ്ങളുടെ കാണൽ എന്ന ഘട്ടത്തിൽ നിന്നുള്ള വളർച്ച ആശ്രയിച്ചിരിക്കും. ഒരു കാഴ്ചക്കാരൻ ആയി തുടരുന്നതിലുപരി ഒരു പക്ഷി നിരീക്ഷകൻ എന്ന നിലയിലേക്ക് ഉയരാൻ നിങ്ങളെ പ്രാപ്തനാക്കുന്നത് ആ  കാണലിൽ നിങ്ങൾക്കുള്ള ആഴം ആണ്. അത് രാവിലെ ഉണർന്ന് കാണുന്ന ചില കിളികളിൽ ഒതുങ്ങാതെ കൂടുതൽ മേഖലകളിലെ കൂടുതൽ തരം പക്ഷികളിലേക്കും പരന്നുവികസിക്കണം. ചുറ്റുവട്ടത്തെ ചില കിളികളിൽ നിന്ന് കൂടുതൽ പക്ഷികളെ വേർതിരിച്ച് മനസിലാക്കാനുള്ള അറിവ് നേടണം. അവയുടെ ജീവിതം നിരീക്ഷിക്കണം. മുട്ടയിടുന്ന കൂടുകൾ മുതൽ ചേക്കേറുന്ന മരക്കൊമ്പുകൾ വരെ അവയെ പിന്തുടരണം.


                    കുട്ടികൾക്ക് വളരെ എളുപ്പം ആരംഭിക്കാവുന്ന ഒരു വിനോദം ആണ് പക്ഷി നിരീക്ഷണം. പക്ഷിനിരീക്ഷണം എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ളാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
                     ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകൾ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്റെ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാൻ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകൾ പഠിക്കുമ്പോൾ ഇംഗ്ളീഷ് പേരു കൂടി പഠിക്കാൻ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങൾ രസിച്ചുവായിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഗുണം.

മുന്നൊരുക്കങ്ങൾ
  • രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ് നിരീക്ഷണത്തിന് അനുയോജ്യമായ സമയം. മറ്റു സമയങ്ങളിൽ തൊടിയിൽ എത്തുന്ന നിരീക്ഷിക്കാൻ വെള്ളം നിറച്ച പാത്രങ്ങൾ വെച്ച് പക്ഷികളെ ആകർഷിക്കാം.
  • പോക്കറ്റിൽ വെക്കാൻ ചെറിയ നോട്ടുപുസ്തകം, പേന എന്നിവ കൈയിൽ കരുതണം. കാണുന്ന കിളികളെ പറ്റിയും അവയുടെ രൂപം, ആകൃതി, പെരുമാറ്റം ഒക്കെ രേഖപ്പെടുത്തതാൻ ഇതുപകരിക്കും.
  • വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക (ഈ നിറങ്ങൾ പക്ഷികളെ ഭയപ്പെടുത്താൻ സാധ്യതയുണ്ട്)
  • പതുക്കെ നടന്ന് ചുറ്റുമുള്ള പക്ഷികളെ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ നിരീക്ഷകൻ സൂര്യനും പക്ഷിക്കും ഇടയിലായിരിക്കണം. അത് നിങ്ങൾക്ക് കൂടുതൽ തെളിമയോടെ പക്ഷികളെ കാണാൻ സഹായിക്കും.
  • പക്ഷികളുടെ നേരെ വിരൽ, വടി, കുട എന്നിവയൊന്നും ചൂണ്ടരുത്, പക്ഷികളുടെ പിറകെ ഓടരുത്. ഇങ്ങനെ ചെയ്യുന്നത് പക്ഷികളെ ഭയപ്പെടുത്തും.
  • കൂടുകൾ കണ്ടെത്തിയാൽ, അതിനടുത്ത് ചുരുങ്ങിയ സമയം മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ. ദൂരെ അനങ്ങാതെയിരുന്ന് കൂടിൻെറ ഉടമസ്ഥരുടെ ഗമനാഗമനങ്ങൾ ശ്രദ്ധിക്കാം.
നോട്ടുപുസ്തകത്തിൽ കുറിച്ചെടുക്കേണ്ട കാര്യങ്ങൾ
  • സ്ഥലത്തിൻറെ പേര്, സ്വഭാവം (കാട്, കുറ്റിക്കാട്, വയൽ എന്നിങ്ങനെ) തീയതി, സമയം, കാലാവസ്ഥ.
  • കാണുന്ന പക്ഷികളുടെ പേരുകൾ
  • ശ്രദ്ധേയമായി കാണുന്ന ചലനങ്ങൾ
  • പരിചയമില്ലാത്ത പക്ഷിയെയാണ് കാണുന്നതെങ്കിൽ പക്ഷിയുടെ വലിപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലിപ്പം, മൈനയേക്കാൾ ചെറുത് എന്നിങ്ങനെ)എഴുതണം.
  • ആകൃതി, നിറങ്ങൾ, ശബ്ദം. (പക്ഷിയുടെ ശബ്ദം വിവരിക്കുക പ്രയാസമാണ് എങ്കിലും ചിക്ക്, ചിക്ക്, സ്വീ എന്നൊക്കെ കുറിച്ചെടുക്കണം)
ശബ്ദം കേട്ടുമാത്രം പക്ഷികളെ തിരിച്ചറിയുന്നത് ശരിയാവണമെന്നില്ല. മണ്ണാത്തിപ്പുള്ളും ആനറാഞ്ചിയുമെല്ലാം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുക പതിവാണ്. കുറിച്ചെടുക്കുന്ന വിവരങ്ങൾ കൃത്യമായാൽ നല്ലൊരു പക്ഷിപ്പുസ്തകത്തിൻെറ സഹായത്തോടെ പക്ഷികളെ എളുപ്പത്തിൽ കണ്ടെത്താം.


                    കുടിക്കാനും കുളിക്കാനുമെല്ലാം വെള്ളം നിറച്ചുവെച്ച് നമ്മുടെ വീട്ടുവളപ്പിലേക്കും പക്ഷികളെ ആകർഷിക്കാം. മരച്ചില്ലകളിലോ മരക്കുറ്റികൾക്ക് മുകളിലോ ഒക്കെ വെള്ളം നിറച്ചുവെക്കാം. ചിരട്ടകളോ മൺപാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം. ശല്യപ്പെടുത്തലുകളില്ലാതിരുന്നാൽ ‘ഈ ജലപാത്രങ്ങൾ’ തേടി പക്ഷികൾ എത്തിത്തുടങ്ങും. വേനൽക്കാലമായാൽ പക്ഷികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഈ സമയത്ത് ദിവസവും രണ്ടു നേരമെങ്കിലും വെള്ളം നിറക്കേണ്ടിവരും. പാത്രങ്ങളിലെ അഴുക്കുവെള്ളം കളഞ്ഞ് ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

                    പുതിയതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്കായി നമ്മുടെ പ്രദേശങ്ങളിൽ കണ്ടുവരുന്ന പക്ഷികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബ്ലോഗ് തുടങ്ങിയിരിക്കുന്നത്. 

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...