Orange Minivet | |||
ശാസ്ത്രീയ നാമം | Pericrocotus flammeus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Campephagidae | ||
ജനുസ്സ് | Pericrocotus | ||
വർഗ്ഗം | P. flammeus |
കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങൾ വാരിവിതറിയ ശരീരം കൊണ്ട് ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന കാട്ടുപക്ഷികളാണ് തീക്കുരുവികൾ. ആൺ പക്ഷികളുടെ കറുപ്പിൽ തിളങ്ങുന്ന ചുവപ്പും ഓറഞ്ചും നിറത്തിലുള്ള രൂപം വളരെ ആകർഷകമാണ്. ഇണകളുടെ ചെറു കൂട്ടങ്ങൾ ഇടത്തരം മരങ്ങൾക്കിടയിലൂടെ ഇരതേടിക്കൊണ്ട് ചുറ്റുന്നത് ഗ്രാമങ്ങളിൽ കാണാം.
കേരളമുൾപ്പടെ തെക്കൻ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്താണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇവയുടെ അടുത്ത ബന്ധുക്കൾ ആയ സ്കാർലറ്റ് മിനിവെറ്റ് വടക്കേ ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഒക്കെ കാണപ്പെടുന്നുണ്ട്.
ശരീരഘടന
തീക്കുരുവി പക്ഷികൾക്ക് ശരീരത്തിന് ശരാശരി 17 മുതൽ 22 വരെ സെ.മീ. നീളം ഉണ്ടാകും. വാലിന് 9-10 സെമീ വരെ നീളം ഉണ്ടാകും. ചിറകുകൾക്കും 9-10 സെമീ. വീതം നീളം കാണും. ശരീര ഭാരം 19 മുതൽ 25 ഗ്രാം വരെ ഉണ്ടാകും.
ആൺ പക്ഷികളുടെ ശരീരത്തിന് തിളങ്ങുന്ന ചുവപ്പും ഓറഞ്ചും കറുപ്പും നിറമായിരിക്കും. അവയുടെ തല മുഴുവനായും കഴുത്തിനു താഴെ വരെയും കറുപ്പ് നിറമായിരിക്കും. മുൻ ഭാഗത്ത് കറുപ്പ് നിറത്തിലുള്ള കഴുത്തിന് താഴെ മുതൽ വാലറ്റം വരെ ചുവപ്പ് കലർന്ന ഓറഞ്ചും മഞ്ഞയും നിറമായിരിക്കും. പുറം ഭാഗത്ത് തല മുതലുള്ള കറുപ്പ് നിറം മുതുകുകളിലൂടെ താഴേക്ക് ചിറകുകളിലേക്കും വാലറ്റം വരെയും ഉണ്ടാകും. ചിറകുകളിൽ പുറഭാഗത്ത് ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള ഒരു അടയാളവും അരികിൽ ഓറഞ്ച് വരയും കാണും. ചിറകിൻറെ ഉൾഭാഗത്ത് കറുപ്പിൽ നീണ്ട ഒരു ഓറഞ്ച് പട്ട തീക്കുരുവി ആൺ പക്ഷി പറക്കുമ്പോൾ മാത്രമേ കാണൂ. കണ്ണിന് തവിട്ട് നിറവും കാലിനും കൊക്കിനും കറുപ്പ് നിറവും ആയിരിക്കും.
പെൺപക്ഷികൾക്ക് ശരീരത്തിൽ പ്രധാനമായും മഞ്ഞയും കറുപ്പുമാണ്. മുഖവും ശരീരത്തിൻറെ മുൻ ഭാഗവും പൊതുവെ മഞ്ഞ നിറത്തിലാണ്. കൊക്കിൽ നിന്ന് കണ്ണിലൂടെ ഒരു കറുപ്പ് വര തലയുടെ പിറകിലേക്ക് പോകുന്നുണ്ട്. തലയുടെ പിറകിൽ നിന്ന് താഴേക്ക് ചുമലിൻറെ താഴെ വരെ ഒലിവ് കലർന്ന ചാര നിറമാണ്. ചിറകുകളും വാലും പ്രധാനമായും കറുപ്പ് നിറത്തിലാണ്. കറുപ്പിൽ മഞ്ഞ അടയാളവും കാണും. ചിറകുകൾക്കിടയിൽ ശരീരത്തിന് ചാരം കലർന്ന മഞ്ഞ നിറമാണ്. വാലിൻറെ പുറമെ കാണുന്ന തൂവലുകൾ കറുപ്പ് നിറത്തിലും അരികുകളിൽ മഞ്ഞ നിറത്തിലും ആണ്.
പ്രായപൂർത്തിയെത്താത്ത പക്ഷികൾ പെൺ പക്ഷികളോട് സാദൃശ്യം ഉള്ളവയായിരിക്കും.
സ്വഭാവം
തീക്കുരുവികൾ സാധാരണയായി ചെറിയ കൂട്ടങ്ങളായാണ് ഇര തേടി സഞ്ചരിക്കുന്നത്. മരങ്ങളുടെ ഇലച്ചാർത്തുകൾക്കിടയിലും മുകളിലുമായി ഇവ പറന്ന് പോകും. ഇത്തരത്തിലുള്ള കൂട്ടങ്ങളിൽ പലപ്പോഴും മറ്റിനം പക്ഷികളും കാണും.
cuckoo-shrikes എന്ന കൂട്ടക്കാരാണിവ. പേരിൽ കാണുന്നത് പോലെ കുയിൽ, ചെമ്പോത്ത് എന്നിവ ഉൾപ്പെട്ട cuckoo വിഭാഗത്തിനോടോ ചാരക്കുട്ടൻ ഷ്രൈക്ക്, തവിടൻ ഷ്രൈക്ക് തുടങ്ങിയവ ഉൾപ്പെടുന്ന ഷ്രൈക്ക് വിഭാഗത്തോടോ ബന്ധം ഒന്നുമില്ല. ചാരപ്പൂണ്ടൻ തുടങ്ങിയ പക്ഷികളുടെ കുടുംബത്തിലാണ് തീക്കുരുവി ഉൾപ്പെടുന്നത്.
തീക്കുരുവിയുടെ ശബ്ദം
ചെറിയ ചൂളം വിളി ശബ്ദവുമായി മരക്കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് വേഗത്തിൽ സഞ്ചരിക്കുന്ന ഈ പക്ഷികൾ അധികം നാണക്കാരല്ല.
പ്രജനനം
തീക്കുരുവികളുടെ പ്രജനന കാലം ജൂൺ മുതൽ ഒക്ടോബർ വരെ വരെയുള്ള മാസങ്ങളാണ്. ഫെബ്രുവരി മുതൽ മെയ് വരെ രണ്ടാമതൊരു സന്താനോത്പാദന കാലവും ഉണ്ട് എന്ന് പറയുന്നു. 6 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ ഉള്ള ശാഖകളിൽ ആണ് ഇവ കൂട് കെട്ടുന്നത്. നാരുകളും ചിലന്തിവലകളും കൽപ്പായലും മറ്റും ഉപയോഗിച്ച് ഒരു കപ്പ് ആകൃതിയിലുള്ള കൂടാണ് ഇവ നിർമിക്കുന്നത്.
ഒരു തവണ രണ്ടോ മൂന്നോ മുട്ടകൾ കാണും. പെൺപക്ഷി തന്നെയാണ് അടയിരിക്കുന്നതും. ആൺപക്ഷിയും പെൺപക്ഷിയും ഒന്നിച്ച് കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നു. ഇവയുടെ പ്രജനനത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ല.
ആഹാരരീതി
തീക്കുരുവികൾ പ്രാണിപിടിയന്മാരാണ്. പുഴുക്കൾ, ചെറു പ്രാണികൾ, പുൽച്ചാടികൾ, ചീവീടുകൾ, ചെറു ചിലന്തികൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. ഇര തേടിക്കൊണ്ട് മരച്ചാർത്തുകൾക്കിടയിലൂടെ പറക്കുകയും പ്രാണികളെ കൊത്തിയെടുക്കാനായി വായുവിൽ അൽപനേരം ഒരിടത്തു തന്നെ പറന്ന് നിന്ന് ഇരയെ കൊക്കിലാക്കി പറന്ന് കൊമ്പിൽ ചെന്നിരിക്കും.
ഇലകൾക്കിടയിൽ നിന്ന് ഇരകളായ പ്രാണികളെ പുറത്തേക്ക് ഇറക്കാൻ ഇവർ ഇലച്ചാർത്തുകളിൽ അതിവേഗം ചിറകിട്ടടിച്ചു പ്രാണികളെ ഭയപ്പെടുത്തുമത്രേ. മരങ്ങൾക്ക് മീതെ പറന്ന് പ്രാണികളെ ലക്ഷ്യമിട്ടത് വേഗത്തിൽ താഴേക്ക് പറന്ന് ഇരയെ കൊക്കിലാക്കാനും ഇവർക്ക് പറ്റും. മിക്കവാറും മറ്റു പക്ഷികൾ കൂടി ചേർന്ന കൂട്ടങ്ങൾക്കൊപ്പം ആണ് ഇവർ ഇര തേടുന്നത്. നിലത്തിറക്കി ഇരതേടുന്ന സ്വഭാവം ഇവയ്ക്കില്ല.
ആവാസമേഖല
നിത്യഹരിത വനപ്രദേശങ്ങളും ഇടതിങ്ങിയ മരങ്ങളുള്ള ഗ്രാമപ്രദേശങ്ങളും തോട്ടങ്ങളും ആണ് തീക്കുരുവികളുടെ സ്വാഭാവിക ആവാസപ്രദേശങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ വരെയുള്ള പ്രദേശങ്ങളിൽ ഇവയെ കാണാം.
മിനിവെറ്റ് എന്ന വിഭാഗം പക്ഷികളുടെ കൂട്ടത്തിൽ തീക്കുരുവികളുടെ നിരവധി അടുത്ത ബന്ധുക്കൾ ഉണ്ട്. അവയിൽ സ്കാർലറ്റ് മിനിവെറ്റ് എന്ന പക്ഷികൾ വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും ആഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങൾ മുതൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വരെ കാണപ്പെടുന്നുണ്ട്.
എന്നാൽ മുൻപ് സ്കാർലറ്റ് മിനിവെറ്റ് എന്ന ഉപ വിഭാഗം ആയാണ് തീക്കുരുവികളെ കണ്ടിരുന്നതെങ്കിലും ഇന്ന് അവയെ Pericrocotus flammeus എന്ന പ്രത്യേക വിഭാഗം ആയി തിരിച്ചിരിക്കുന്നു. P. f. flammeus കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് ഗുജറാത്തിൻറെ തെക്കൻ ഭാഗങ്ങൾ മുതൽ തമിഴ്‌നാടിൻറെ പടിഞ്ഞാറൻ ഭാഗങ്ങൾ വരെ പശ്ചിമഘട്ട മേഖലകളിൽ ആണ് കാണപ്പെടുന്നു. കൂടാതെ ഇവ ശ്രീലങ്കയിലും കാണപ്പെടുന്നുണ്ട്.
തീക്കുരുവികൾ IUCN ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുന്നില്ല.
മറ്റ് ഭാഷകളിൽ
Bengali: সিঁদুরে সাহেলি
Arabic: بهرمان ناري
Bulgarian: Червен личинкояд
Burmese: ငှက်မင်းသားလိမ္မော်
Catalan: minivet dàuric
Chinese: 赤紅山椒鳥
Croatian: crnoglavi skovranj
Czech: suříkovec šarlatový
Danish: Skarlagenminivet
Dutch: Oranje Menievogel
Estonian: loit-hundnaagas
Finnish: pilkkaminivetti
French: Orange Minivet
German: Orangemennigvogel
Gujarati: રાજાલાલ
Hungarian: tükrös míniummadár
Icelandic: Logamenja
Indonesian: Burung sepah hutan
Italian: Minivet scarlatto
Japanese (Kanji): 緋色山椒喰
Japanese: ヒイロサンショウクイ
Lithuanian: rusvasis ilgauodegis vikšralesys
Malay: Burung Mas Belukar
Marathi: नारिंगी गोमेद
Nepali: रानीचरी
Norwegian Nynorsk: Flammemønjefugl
Norwegian: Flammemønjefugl
Persian: سرنجی نارنجی
Pinyin: chì-hóng shān-jiāo-niǎo
Polish: purpurek ognisty
Portuguese (Portugal): minivete-citrino
Portuguese: Minivete-escarlate
Russian: Оранжевый личинкоед
Sinhalese: දිළිරත් මිණිවිත්තා
Slovak: Húseničiarka ohnivá
Spanish: Minivet Naranja
Swedish: Eldminivett
Tamil: குங்குமப் பூச்சிட்டு
Thai (Transliteration): nók pʰa-yaa fay yày
Thai: นกพญาไฟใหญ่
Turkish: Turuncu minivet
Ukrainian: Личинкоїд іржастий
Vietnamese: Chim Phường chèo đỏ lớn
No comments:
Post a Comment