Flame Throated Bulbul | |||
| ശാസ്ത്രീയ നാമം | Pycnonotus gularis | ||
| ശാസ്ത്രീയ വർഗ്ഗീകരണം | |||
| സാമ്രാജ്യം | Animalia | ||
| ഫൈലം | Chordata | ||
| ക്ലാസ്സ് | Aves | ||
| നിര | Passeriformes | ||
| കുടുംബം | Pycnonotidae | ||
| ജനുസ്സ് | Pycnonotus | ||
| വർഗ്ഗം | P. gularis | ||
പശ്ചിമഘട്ട പ്രദേശത്ത് മാത്രം കണ്ടുവരുന്ന ബുൾബുൾ ഇനത്തിൽ പെട്ട വർണപ്പകിട്ടോടുകൂടിയ പക്ഷി ആണ് മണികണ്ഠൻ. വല്ലപ്പോഴും ഒറ്റക്കോ ജോഡികളായോ കാണപ്പെടാറുണ്ടെങ്കിലും സാധാരണയായി മണികണ്ഠനെ കാണുക ഫലങ്ങൾ ആഹരിക്കുന്ന മറ്റു കിളികളോടൊപ്പം ചെറു കൂട്ടങ്ങളായിട്ടാണ്.
ഗോവയുടെ സംസ്ഥാനപക്ഷിയാണ് മണികണ്ഠൻ.
ശരീരഘടന
മിക്ക ബുൾബുളുകളെയും പോലെ മണികണ്ഠനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ വർണ്ണപകിട്ടാണ്. നാട്ടുബുൾബുളിനോളം വലിപ്പവും ആകൃതിയിൽ ഒട്ടേറെ സാമ്യവുമുള്ള കാട്ടുബുൾബുൾ ആണിത്. 18 സെ.മി. വരെ വളരുന്നു. തലയിൽ ശിഖയില്ല. തലയും പിൻ കഴുത്തും തലയുടെയും മുഖത്തിന്റെയും പാർശ്വഭാഗങ്ങളും കറുപ്പാണ്. തൊണ്ട തീജ്വാലയുടെ നിറമാർന്ന ഓറഞ്ച് ആണ്. ഈ കടും നിറമാണ് പക്ഷിയുടെ പേരിനാധാരം. പുറം ചിറകുകൾ, വാൽ എന്നിവയെല്ലാം മഞ്ഞ കലർന്ന ഇളം പച്ചയും ചിറകുകളുടെ പിൻപകുതി തവിട്ടു നിറവും ദേഹത്തിന്റെ അടിഭാഗം ശോഭയുള്ള മഞ്ഞയുമാണ്.
വാലഗ്രങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു. മിന്നുന്ന കറുത്ത തലയിൽ വിളറിയ മഞ്ഞ നിറത്തിൽ കാണപ്പെടുന്ന കൺപടലം വേറിട്ട് നിൽക്കുന്നു. കൊക്കിന്റെ നിറം കറുപ്പാണ്. കാലുകൾ ചാര നിറമോ തവിട്ടോ ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും നിറങ്ങൾ വ്യത്യാസമില്ല.
പക്ഷിയുടെ പാട്ട് കാതിനു ഇമ്പമേറിയതാണ്. ഉച്ച ശ്രുതിയിൽ ഉള്ള പാട്ട് സംഗീതാത്മകവും ഇടമുറിഞ്ഞതുമാണ്. സാധാരണ കരച്ചിലുകൾ അടക്കി പിടിച്ച 'പ്രിറിറ്റ്' ശബ്ദമോ വ്യക്തമായ ആരോഹണ സ്വഭാവമുള്ള 'പ്രിറ്റ്' ശബ്ദമോ ആയിരിക്കും.
മണികണ്ഠന്റെ ശബ്ദം
ആഹാരരീതി
ചെറു പ്രാണികളും ചെറു പഴങ്ങളും ആണ് ഈ പക്ഷികളുടെ ആഹാരം.
പ്രജനനം
പ്രജനന കാലം മാർച്ച് മുതൽ മെയ് വരെയാണ്. ബുൾബുളുകളുടെ തനതു ശൈലിയിൽ ഒരു കപ്പ് പോലെ ആണ് കൂടുകൾ ഉണ്ടാക്കുന്നത്. 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ ഏതെങ്കിലും കുറ്റിച്ചെടിയിൽ ശ്രദ്ധയോടെ പണിതതാകും കൂട്.
കൊഴിഞ്ഞ ഇലകൾ കൊണ്ട് നിർമ്മിച്ച കൂട് എട്ടുകാലി വലയും വീതിയേറിയ പുൽത്തണ്ടുകളും കൊണ്ട് തുന്നികൂട്ടിയിരിക്കും. കൂടിന്റെ ഉള്ള് നനുത്ത പുല്ലുകൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. മഞ്ഞ നിറം കലർന്ന പാഴിലകൾ കൂടു നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനു പക്ഷി പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു. സാധാരണയായി 2 മുട്ടകൾ ഇടുന്നു. ജൂൺ മാസത്തോടെയാണ് കുഞ്ഞുങ്ങൾ പൊതുവെ വിരിഞ്ഞിറങ്ങുക.
കൂട് നിർമാണത്തിനായി ഇലകൾ ശേഖരിക്കുന്ന ഇണകൾ
ആവാസമേഖല
പശ്ചിമഘട്ടത്തിലെ കാടുകളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് മണികണ്ഠൻ. ദക്ഷിണ മഹാരാഷ്ട്ര
മുതൽ കന്യാകുമാരി വരെ ഇവ വ്യാപിച്ചിരിക്കുന്നു. ഒരു തദ്ദേശീയ പക്ഷിയായ ഇവയുടെ പ്രിയപ്പെട്ട വാസസ്ഥലങ്ങൾ ഇലപൊഴിയും കാടുകളും നട്ടുവളർത്തിയ വനങ്ങളുമാണ്. എന്നാൽ ഈർപ്പമുള്ള നിത്യഹരിത വനങ്ങളും ചോലക്കാടുകളും ഇവ ഒഴിവാക്കാനിഷ്ടപ്പെടുന്നു.




No comments:
Post a Comment