എന്‍റെ നാട്ടിലെ പക്ഷികള്‍: നാട്ടുബുൾബുൾ

Tuesday, August 7, 2018

നാട്ടുബുൾബുൾ

Red vented Bulbul

ശാസ്ത്രീയ നാമം

 Pycnonotus cafer                



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ് ‌Aves
നിര Passeriformes    
കുടുംബം Pycnonotidae
ജനുസ്സ് Pycnonotus
വർഗ്ഗം P. cafer
ഉപ വർഗ്ഗം P. cafer cafer

കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിലെ കാട്ടുപൊന്തകളിലും കുറ്റിക്കാടുകളും കാണപ്പെടുന്ന ബുൾബുളുകളിൽ ഒരിനമാണ് നാട്ടുബുൾബുൾ. സദാ പാടിക്കൊണ്ട് പറന്നു നടക്കുന്ന ഈ കിളികൾ കേരളത്തിൽ വിശേഷിച്ച് ഗ്രാമങ്ങളിൽ ഒരു സാദാ കാഴ്ചയാണ്. ചെറുപഴങ്ങൾ തേടി ഒറ്റയ്ക്കും കൂട്ടമായും ഇവ അലയുന്നത് കാണാം.

നാട്ടുബുൾബുൾ

ലോകത്തെങ്ങുമായി കാണപ്പെടുന്ന 150 ബുൾബുൾ ഇനങ്ങളിൽ കേരളത്തിൽ കൂടുതലായി കാണപ്പെടുന്നത് നാട്ടുബുൾബുളും ഇരട്ടത്തലച്ചിയുമാണ്.

ശരീരഘടന

 

19-20 സെമീ വരെ വലിപ്പം വെയ്ക്കുന്ന നാട്ടുബുൾബുൾ പക്ഷികൾക്ക് 28-40 ഗ്രാം വരെ ഭാരം കാണും. കടും തവിട്ടു നിറമാണ് പ്രധാനമായും ശരീരത്തിൽ. തലയും മുഖവും കഴുത്തും നല്ല കറുപ്പ് നിറമാണ് എന്ന മാത്രമല്ല അവിടെയെങ്ങും വരയോ അടയാളങ്ങളോ ഇല്ല. തലയിൽ മുകൾ ഭാഗത്തെ തൂവലുകൾ ഒരു ശിഖ പോലെ എഴുന്നു നിൽക്കും എങ്കിലും അത് ഇരട്ടത്തലച്ചിയുടേത് പോലെ കൂർത്തതല്ല.



ശരീരത്തിൽ വയറിലും പുറംഭാഗത്തും ഉള്ള തൂവലുകളുടെ അറ്റത്ത് ചെറിയ വെളുത്ത കര പോലെ കാണപ്പെടുന്നു. ഇത് ദൂരെനിന്ന് മീനിന്റെ ചെതുമ്പൽ എന്നത് പോലെ കാണപ്പെടാറുണ്ട്. ഗുദഭാഗത്ത് കാണപ്പെടുന്ന ചുവന്ന അടയാളമാണ് ഇതിന്റെ ഇംഗ്ലീഷ് പേരിന്നാധാരം. വാലിന്റെ അറ്റത്ത് അല്പം വെള്ള നിറം കാണപ്പെടുന്നു. വാല് ശരീരത്തിൽ ചേരുന്ന ഭാഗത്ത് വെള്ള നിറത്തിൽ ഒരു പട്ടയും കാണപ്പെടുന്നു. ആണും പെണ്ണും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഒന്നും ഇല്ല.


സ്വഭാവം 

 

സദാ പാട്ടുപാടികൊണ്ട് പൊന്തകളിലും മരങ്ങളിലും പറന്നു നടക്കുന്ന ഇവക്ക് ദിവസേന ഒരേ സ്ഥലത്ത് കൃത്യസമയത്ത് കുളിക്കാനെത്തുന്ന സ്വഭാവം ഉണ്ട്. മൂന്നോ നാലോ പക്ഷികൾ ഒരുമിച്ചോ ഇണകളായോ ആയി എത്തുന്ന ഇവ കുളിക്കാൻ കുറെ സമയമെടുക്കാറുണ്ട്. ഇടക്കിടക്ക് കരക്കു കയറി വീണ്ടും വെള്ളത്തിലിറങ്ങി കുളിക്കുന്ന രീതിയാണ് ഇവക്കുള്ളത്. കുളികഴിഞ്ഞാൽ അടുത്തുള്ള ഏതെങ്കിലുമൊരു ചില്ലയിലിരുന്ന് ചിറകുകൾ ഉണക്കിയെടുക്കുന്നു.

നാട്ടുബുൾബുളിന്റെ ശബ്ദം

ആഹാരരീതി

 

പ്രധാനമായും ചെറുപഴങ്ങൾ ആണിവയുടെ ആഹാരം. കൂടാതെ പുഴുക്കൾ, കീടങ്ങൾ എന്നിവയും  ആഹാരമാക്കാറുണ്ട്. അരിപ്പൂവിന്റെ പഴങ്ങളും കാട്ടുമുൾച്ചെടിയുടെ പഴങ്ങളും പഴുത്ത കുരുമുളകും ഇവ പ്രിയത്തോടെ അകത്താക്കുന്നത് കാണാം.

പ്രജനനം

 

ജനുവരി മുതൽ ഒക്ടോബർ വരെയാണ്‌ പ്രജനനകാലം. ചെറിയ പൊന്തക്കാടുകളിലും മറ്റും മൂന്നോ നാലോ അടി ഉയരത്തിൽ കൂടു വെക്കുന്നു. 



ചെറിയ വള്ളികളും ചുള്ളികളും കൊണ്ട് കോപ്പ ആകൃതിയിൽ കെട്ടുന്ന കൂട്ടിന്റെ ഉൾവശം തെങ്ങോല നാരും  മറ്റും കൊണ്ട് പൂർത്തിയാക്കുന്നു. 


തേക്ക് മരത്തിലെ നാട്ടുബുൾബുൾ കൂട്

നിർമ്മാണം പൂർത്തിയായ കൂട്ടിൽ നാലോ അഞ്ചോ മുട്ടകളിടുന്നു. ഇളം പിങ്ക് നിറത്തിലുള്ള മുട്ടകളിൽ കടും ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണാം. രണ്ടാഴ്ച കൊണ്ട് മുട്ട വിരിയുന്നു. ആൺ പെൺ കിളികൾ ഒരുമിച്ചാണ് കുഞ്ഞുങ്ങൾക്ക് തീറ്റ നൽകുന്നത്. 3 വർഷം വരെയാണ് ശരാശരി ആയുർദൈർഘ്യം.

കൊമ്പൻ കുയിൽ ഇവയുടെ കൂട്ടിൽ മുട്ടയിടാറുണ്ട്.


ആവാസമേഖല

 

കുറ്റിക്കാടുകളും ഇല പൊഴിയും കാടുകളും തോട്ടങ്ങളും ഉൾപ്പെടെ കേരളത്തിലെ മിക്കവാറും പ്രദേശങ്ങളിൽ നാട്ടുബുൾബുൾ പക്ഷികളെ കാണാം. 

ഇന്ത്യ ഉപഭൂഖണ്ഡത്തിൽ കശ്‍മീർ തെക്ക് വരെയും ഗുജറാത്ത് മുതൽ ബർമ വരെയും മുതൽ ശ്രീലങ്കയിലും ടിബറ്റിന്റെ ചില ഭാഗങ്ങളിലും നാട്ടുബുൾബുളിന്റെ വിവിധ വിഭാഗങ്ങൾ കാണപ്പെടാറുണ്ട്. 


P. c. intermedius എന്ന ഉപവിഭാഗം പടിഞ്ഞാറൻ ഹിമാലയത്തിൽ പാക്കിസ്ഥാൻ മുതൽ ജമ്മു കശ്മീർ, നേപ്പാൾ വരെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. P. c. humayuni പാക്കിസ്ഥാനിലെ സിന്ധ് മുതൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും വടക്കേ ഇന്ത്യൻ സമതലങ്ങളിലും കാണുന്നു. മറ്റൊരു ഉപവിഭാഗം ആയ P. c. bengalensis വടക്കേ ഇന്ത്യയിൽ ഹിമായലത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങൾ മുതൽ ഗംഗാതടം വഴി ബംഗ്ലാദേശ് വരെ കാണാം. P. c. stanfordi വടക്ക് കിഴക്കൻ ഇന്ത്യ മുതൽ വടക്കൻ മ്യാന്മാർ, തെക്കൻ ചൈന വരെ കാണപ്പെടുന്നു. തെക്കൻ മ്യാന്മാർ മുതൽ തായ്ലൻഡ് വരെ കാണപ്പെടുന്നത് P. c. melanchimus എന്ന ഉപവിഭാഗം ആണ്. P. c. wetmorei എന്ന ഉപവിഭാഗത്തെ  വടക്ക്‌ കിഴക്കൻ ഇന്ത്യയിൽ കാണുന്നു. P. c. haemorrhousus എന്ന ഉപവിഭാഗം ആണ് ശ്രീലങ്കയിൽ കാണുന്നത്.


കേരളത്തിൽ ഉൾപ്പെടെ തെക്കെ ഇന്ത്യയിൽ P. c. cafer എന്ന ഉപവിഭാഗം ആണ് കാണപ്പെടുന്നത്.

ഈ പക്ഷികൾ ഇന്ന് ചില ശാന്ത സമുദ്ര ദ്വീപുകളിലും അറേബിയയിലെ കിഴക്കൻ മേഖലകളിലും അർജന്റീനയിലും വരെ എത്തിചേർന്നിട്ടുണ്ട്.അവിടങ്ങളിൽ ഇവ ജൈവാധിനിവേശ വർഗം ആയാണ് പരിഗണിക്കപ്പെടുന്നത്.







1 comment:

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...