| Bee Eaters |
| ശാസ്ത്രീയ വർഗ്ഗീകരണം | |||
| സാമ്രാജ്യം | Animalia | ||
| ഫൈലം | Chordata | ||
| ക്ലാസ്സ് | Aves | ||
| നിര |
Coraciiformes
|
||
| കുടുംബം | Meropidae | ||
കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പക്ഷി വിഭാഗം ആണ് വേലിത്തത്തകൾ. ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ, കിഴക്കൻ ഏഷ്യയിലും ആണ് ഇവയെ കാണുന്നത്. നിറത്തിൽ തത്തയോട് സാദൃശ്യമുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ ഇവയെ കമ്പിത്തത്ത എന്നും വിളിക്കാറുണ്ട്. മനോഹരമായ നിറങ്ങളിൽ കണ്ട് വരുന്ന ഈ പക്ഷികളിൽ ചില വിഭാഗങ്ങൾക്ക് വാലറ്റം കൂർത്ത കമ്പിത്തൂവൽ കാണാം. കൊക്കുകൾ നീണ്ട് കൂർത്തിരിക്കും. പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം. വായുവിൽ പറന്ന് പ്രാണികളെ കൊക്കിൽ പിടിച്ച് ഭക്ഷിക്കുന്ന രീതിയാണ് ഇവയ്ക്ക്.
ഇവയുടെ കാൽ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാൻ സഹായിക്കുന്നവയാകയാൽ നിലത്തിറങ്ങാതെ മിക്കവാറും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ് വേലിത്തത്ത എന്ന പേര് ഈ വർഗ്ഗത്തിന് ലഭിച്ചത്.
നാലിനം വേലിത്തത്തകളെയാണ് കേരളത്തിൽ കണ്ടുവരുന്നത്. അതിൽത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം.
നാട്ടുവേലിത്തത്ത (Asian Green Bee-eater)
തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്. പ്രകാശം പതിക്കുമ്പോൾ പച്ച തൂവലുകൾ തിളങ്ങുന്നതായി തോന്നും. ചുണ്ട് മുതൽ കഴുത്ത് വരെ തലയുടെ മുകളിൽ ചെങ്കല്ലിൻറെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെ കൊക്കിൽ നിന്ന് തുടങ്ങി കണ്ണ് എഴുതിയതുപോലെ കറുത്ത പാടുണ്ടാവും. നീണ്ടുകൂർത്ത കൊക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊത്തിയെടുക്കാൻ പര്യാപ്തമാണ്. മുഖത്തിൻറെ വശത്തുകൂടിയും കൊക്കിൻറെ കീഴ്ഭാഗത്തും മിന്നുന്ന നീലനിറമാണുണ്ടാവുക. വയറുഭാഗത്ത് കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ കറുത്തവരകൊണ്ട് വേർതിരിച്ചിരിക്കും.
നാട്ടുവേലിത്തത്ത
വലിയ വേലിത്തത്ത (Blue-tailed Bee-eater)
നാട്ടുവേലിത്തത്തയെക്കാൾ വലിപ്പം കൂടിയവയാണ് വലിയ വേലിത്തത്തകൾ. പരമാവധി 23 - 26 സെ.മീ. നീളം എത്തുന്ന ശരീരത്തിന് പ്രധാനമായും പച്ച നിറമാണ്. അരയ്ക്കു താഴെ വാലുൾപ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. അതിനു താഴ്‌ഭാഗം ഇളം പച്ചയോ നീലയോ കലർന്ന മഞ്ഞ നിറമോ ആയിരിക്കും. വാലിൻറെ മദ്ധ്യത്തിൽ നീളം കൂടിയ കമ്പിത്തൂവലുകൾ കാണാം. കൊക്കുകൾ കറുത്തതാണ്. കൊക്കുമുതൽ കണ്ണിലൂടെ കടന്നു പോകുന്ന കറുത്ത പട്ടയുണ്ട്. അതിനു താഴെ നീലനിറത്തിൽ ഒരു വര കാണാം. കൊക്കിനു താഴെയായി താടി മഞ്ഞ നിറമാണ്. കാലുകൾ ചെറുതാണ്. അത് മണ്ണിൽ നടക്കാൻ ചേരുന്ന വിധത്തിൽ ഉള്ളതല്ല.
വലിയ വേലിത്തത്ത
ഈ രണ്ട് പക്ഷികൾക്ക് കേരളത്തിൽ പുറമേ ചെന്തലയൻ വേലിത്തത്ത (Chestnut-headed Bee-eater), കാട്ടുവേലിത്തത്ത (Blue Bearded Bee-eater) എന്നീ വേലിത്തത്തകളെയും അപൂർവമായി കണ്ടു വരാറുണ്ട്.
ചെന്തലയൻ വേലിത്തത്ത ദക്ഷിണേന്ത്യൻ കാടുകളിൽ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിൻപുറത്തേക്ക് സഞ്ചരിക്കാറുണ്ട്. കാട്ടുവേലിത്തത്ത സാധാരണയായി കാട്ടുപ്രദേശങ്ങളിൽ മാത്രമേ കാണാറുള്ളൂ. മറ്റു വേലിത്തത്തകളിൽ നിന്നിവ രണ്ടിനെയും വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇവയ്ക്ക് വാലിൽ കമ്പിത്തൂവലില്ല എന്നതാണ്.









